Friday, November 14, 2008

വയലറ്റ്‌,ഇന്‍ഡിഗോ,ബ്ളൂ...

സീന്‍ 1പുറം പകല്‍
ഒരു ഇടത്തരം വീടിണ്റ്റെ മുറ്റം.ഫ്രെയിമില്‍ വിരിയാറായ ഒരു റോസാപ്പൂമൊട്ട്‌.ചെടിച്ചട്ടിയില്‍ നട്ടിരിക്കുന്ന റോസാച്ചെടി.അരികില്‍ കുത്തിയിരിക്കുന്ന അപ്പു. 6-7വയസ്സ്‌.നിക്കറും ബനിയനും ധരിച്ചിരിക്കുന്നു.വീടിന്റെ അകത്തുനിന്നും അമ്മൂമ്മയുടെ ശബ്ദം.
അമ്മൂമ്മ - അപ്പൂ...മോനേ അപ്പൂ... (അപ്പു ശ്രദ്ധിക്കുന്നില്ല.അമ്മൂമ്മ വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുന്നു.60-65 വയസ്സ്‌.) അമ്മൂമ്മ - മോനേ അപ്പൂ...നീ എന്തെടുക്കുകാ...ഇന്നു സ്കൂളിലൊന്നും പോകണ്ടേ...
അപ്പു - (തലയുയര്‍ത്തി അമ്മൂമ്മയെ നോക്കുക്കൊണ്ട്‌) ഇന്നും പൂ വിരിഞ്ഞില്ലല്ലോ അമ്മൂമ്മേ...
അമ്മൂമ്മ - അത്‌ വിരിഞ്ഞോളും.സമയമാകുമ്പം.പൂ വിരിയുന്നതും കിളി പറക്കുന്നതുമൊക്കെ നോക്കിയിരിക്കാതെ നീയെഴുന്നേറ്റേ..കുളിക്കണ്ടേ... (അമ്മൂമ്മ അടുത്തേക്കുവരുമ്പോള്‍ അപ്പു എഴുന്നേല്‍ക്കുന്നു.രണ്ടുപേരും അകത്തേക്കു പോകുന്നു. )

സീന്‍-2 അകം പകല്‍
ഒരു എല്‍.പി.സ്കൂള്‍ ക്ളാസ്സ്‌ റൂം.15-20 കുട്ടികള്‍ ബഞ്ചുകളിലിരിക്കുന്നു.ടീച്ചര്‍(25-30 വയസ്സ്‌)പുസ്തകവും പിടിച്ചുകൊണ്ട്‌ മേശപ്പുറത്ത്‌ ചാരി നില്‍ക്കുന്നു.ടീച്ചറുടെ പിന്നില്‍ നിന്ന്‌ ക്ളാസ്സുമുഴുവന്‍ കാണാം.കുട്ടികളുടെ കലപില ശബ്ദം.
ടീച്ചര്‍ - സൈലന്‍സ്‌...ശബ്ദമുണ്ടാക്കരുത്‌...വൈശാഖ്...അടങ്ങിയിരിക്ക്‌... (കുട്ടികളുടെ ശബ്ദം നേര്‍ത്തുനേര്‍ത്ത്‌ ക്ളാസ്സ്‌ നിശ്ശബ്ദമാകുന്നു.ടീച്ചര്‍ ബോര്‍ഡിലേക്കു തിരിഞ്ഞ്‌ മഴവില്ല്‌ എന്നെഴുതുന്നു. )
ടീച്ചര്‍ - മഴവില്ല്‌ കണ്ടിട്ടുളളവരാരൊക്കെയുണ്ട്‌ ഈ ക്ളാസ്സില്‍?കൈപൊക്ക്‌... (കുട്ടികള്‍ പരസ്പരം നോക്കുന്നു.കലപില ശബ്ദം ഉയരുന്നു. )
ടീച്ചര്‍ - ആരുമില്ലേ?ആരും മഴവില്ല്‌ കണ്ടിട്ടില്ലേ? (കലപില ശബ്ദം)
ടീച്ചര്‍ - സൈലന്‍സ്‌...ശരി... എന്താണ്‌ മഴവില്ല്‌ എന്നറിയാമോ?റെയ്ന്‍ബോ? (അപ്പുവിണ്റ്റെ മുഖം)
കുട്ടി 1 - മഴേടെ വില്ലാടാ... മഴേടെ വില്ലല്ലെ ടീച്ചര്‍?
ടീച്ചര്‍ - അല്ല.
കുട്ടി 2 - അമ്പെയ്യുന്ന വില്ലാണോ ടീച്ചര്‍?
ടീച്ചര്‍ - അല്ല.
കുട്ടി 3 - പിന്നെ?
ടീച്ചര്‍ - മഴക്കാറുളള സമയത്ത്‌ ആകാശത്തുതെളിയുന്ന വില്ലാണ്‌ മഴവില്ല്‌.മഴവില്ലിന്‌ ഏഴു നിറങ്ങളുണ്ട്‌.ഇംഗ്ളീഷില്‍ റെയ്ന്‍ബോ എന്നു പറയും.മഴവില്ലിനെപ്പറ്റിയുളള ഒരു പാട്ട്‌ നമുക്ക്‌ പാടാം.
വാര്‍മഴവില്ലേ വന്നാലും
വാനിന്‍ മടിയിലിരുന്നാലും
കണ്‍കുളിരുന്നു കാണുമ്പോള്‍
കരള്‍ നോവുന്നു മായുമ്പോള്‍
------------
-------------
വാര്‍മഴവില്ലേ മായല്ലേ
അഴകിന്‍ തെല്ലേ പോകല്ലേ
(ഓരോ വരിയും ടീച്ചര്‍ പാടിയതിനുശേഷം കുട്ടികള്‍ ഉറക്കെ ഏറ്റു പാടുന്നു. )
ടീച്ചര്‍ - നാളെ വരുമ്പോള്‍ എല്ലാവരും മഴവില്ലിണ്റ്റെ പടം വരച്ചു കൊണ്ടുവരണം.ഏറ്റവും നല്ല പടം വരയ്ക്കുന്നവര്‍ക്ക്‌ സമ്മാനം തരും.

സീന്‍ 3 അകം രാത്രി
അപ്പുവിന്റെ വീട്‌.ഒരു നിക്കര്‍ മാത്രം ധരിച്ച അപ്പു നിലത്തിരിക്കുന്നു.മുന്‍പില്‍ ഒരു പുസ്തകമുണ്ട്‌.അമ്മൂമ്മ ഭിത്തിയില്‍ ചാരിയിരിക്കുന്നു.മടിയില്‍ ഒരു മുറം.പച്ചക്കറി അരിയുന്നു. )
അപ്പു - അമ്മൂമ്മേ... അമ്മൂമ്മ കണ്ടിട്ടുണ്ടോ മഴവില്ല്‌?
അമ്മൂമ്മ - മഴവില്ലോ? ആ.. കണ്ടിട്ടുണ്ട്‌ എന്താ അപ്പൂ?
അപ്പു - മഴവില്ലെങ്ങനെയിരിക്കും അമ്മൂമ്മേ?
അമ്മൂമ്മ - അത്‌ വില്ലുപോലിരിക്കും.വളഞ്ഞ്‌. അപ്പു കണ്ടിട്ടില്ലേ?അപ്പൂനോടാരാ മഴവില്ലിനെപ്പറ്റി പറഞ്ഞത്‌?
അപ്പു - ഡെയ്സിടീച്ചറാ..ഡെയ്സിടീച്ചര്‍ മഴവില്ലിണ്റ്റെ പാട്ടു പാടി.മഴവില്ലിണ്റ്റെ പടം വരച്ചു കൊണ്ടു വരണമെന്നു ടീച്ചര്‍ പറഞ്ഞു.നല്ല പടം വരയ്ക്കുന്നവര്‍ക്ക്‌ സമ്മാനം തരാമെന്നു ടീച്ചര്‍ പറഞ്ഞിട്ടുണ്ട്‌.
അമ്മൂമ്മ - ആങ്ന്‍ഘാ...അപ്പു ഒന്നു പാടിക്കേ മഴവില്ലിണ്റ്റെ പാട്ട്‌. കേക്കട്ടെ. (അപ്പു പാടുന്നു)
അമ്മൂമ്മ - നല്ല പാട്ടാണല്ലോ?അപ്പു വരയ്ക്ക്‌ മഴവില്ലിണ്റ്റെ പടം.അപ്പൂന്‌ തന്നെ കിട്ടും സമ്മാനം.
അപ്പു - അതിന്‌ ഞാന്‍ മഴവില്ല്‌ കണ്ടിട്ടില്ലല്ലോ?
അമ്മൂമ്മ - മഴവില്ലിന്‌ ഏഴുനിറങ്ങളുണ്ട്‌ അപ്പൂ.അമ്മൂമ്മ കണ്ടിട്ടുണ്ട്‌.അങ്ങ്‌ സ്വര്‍ഗ്ഗത്തിലാ മഴവില്ല്‌. ദേവന്‍മാരുടെ അടുത്ത്‌.ദേവന്‍മാരുടെ രാജാവായ ദേവേന്ദ്രണ്റ്റെ കൈയ്യിലാ മഴവില്ലിരിക്കുന്നത്‌. (അപ്പൂപ്പന്‍ പുറത്തുനിന്ന്‌ കടന്നു വരുന്നു.70-75 വയസ്സ്‌.അമ്മൂമ്മ എഴുന്നേല്‍ക്കുന്നു. )
അപ്പു - അപ്പൂപ്പാ,അപ്പൂപ്പന്‍ കണ്ടിട്ടുണ്ടോ മഴവില്ല്‌?
അപ്പൂപ്പന്‍ - നിനക്കിപ്പം എവിടുന്ന്‌ കിട്ടി ഈ മഴവില്ല്‌?
അമ്മൂമ്മ - അവണ്റ്റെ ടീച്ചര്‍ ഇന്നവനെ മഴവില്ലിണ്റ്റെ പാട്ട്‌ പഠിപ്പിച്ചത്രേ.ഒന്നു പാടിക്കേ മോനേ..
അപ്പൂപ്പന്‍ - ആഹാ,കേക്കട്ടെ (അപ്പു പാടുന്നു)
അപ്പൂപ്പന്‍ - കൊളളാം,നല്ല പാട്ടാണല്ലോ..
അപ്പു - അപ്പൂപ്പന്‍ കണ്ടിട്ടുണ്ടോ മഴവില്ല്‌?
അപ്പൂപ്പന്‍ - പിന്നേ.. അപ്പു കണ്ടിട്ടില്ലേ മഴവില്ല്‌?
അപ്പു - ഇല്ല.
അപ്പൂപ്പന്‍- ആ,ഇനി മഴക്കാറുളളപ്പോ ആകാശത്തു നോക്കിയാമതി,അപ്പൂനും കാണാം മഴവില്ല്‌.ഏഴുനിറങ്ങളുളള വലിയ മഴവില്ല്‌.(അംഗവിക്ഷേപങ്ങളോടെയാണ്‌ അപ്പൂപ്പണ്റ്റെ സംസാരം. )
അപ്പു - ഇനി എന്നാ മഴ പെയ്യുക?(അപ്പുവിണ്റ്റെ മുഖം. )

സീന്‍-3എ അകം രാത്രി
കഴിഞ്ഞ സീനിണ്റ്റെ തുടര്‍ച്ച.അപ്പു നിലത്തിരുന്ന്‌ മഴവില്ലിണ്റ്റെ പടം വരയ്ക്കാന്‍ ശ്രമിക്കുന്നു.അപ്പൂപ്പന്‍ കസേരയിലിരുന്ന്‌ എന്തോ വായിക്കുന്നു.അപ്പു സംശയത്തോടെ നിര്‍ത്തി നിര്‍ത്തിയാണ്‌ വരയ്ക്കുന്നത്‌.എങ്ങനെയാണ്‌ മഴവില്ല്‌ വരയ്ക്കേണ്ടതെന്ന്‌ അവന്‌ വലിയ പിടിയില്ല.ചുറ്റും ക്രയോണ്‍സ്‌ ചിതറിക്കിടക്കുന്നു.
അപ്പു - അപ്പൂപ്പാ മഴവില്ലിന്‌ പച്ചനിറമുണ്ടോ?
അപ്പൂപ്പന്‍- (വായന നിര്‍ത്തിയിട്ട്‌)എന്താ,ആ,പച്ചനിറമോ? പിന്നില്ലേ.. പച്ചയുണ്ട്‌, നീലയുണ്ട്‌, ചുമപ്പുണ്ട്‌, മഞ്ഞയുണ്ട്‌, ഓറഞ്ചുണ്ട്‌, അങ്ങനെ എല്ലാനിറങ്ങളുമുണ്ട്‌.എവിടെ നോക്കട്ടെ നിണ്റ്റെ പടം.(അപ്പു വികൃതമായി വരച്ച ചിത്രം വാങ്ങി നോക്കുന്നു.)ഇങ്ങനെയല്ലപ്പൂ..മഴവില്ല്‌ വലുതാ.ആകാശത്തിങ്ങനെ നിറഞ്ഞുനില്‍ക്കും.(അംഗവിക്ഷേപങ്ങളോടെ)ഏഴുനിറങ്ങളുളള ഏഴുവില്ലുകള്‍ ചേര്‍ത്തു ചേര്‍ത്തു വച്ചിരിക്കുന്നതു പോലെയാണ്‌ മഴവില്ല്‌.മഴകഴിയുമ്പോള്‍ അതു താനേ മാഞ്ഞുപോകും.(കൌതുകം നിറഞ്ഞ അപ്പുവിണ്റ്റെ മുഖം. )

(അപ്പു വീണ്ടും വരയ്ക്കുന്നു.ഇത്തവണ ഏകദേശം മഴവില്ലിണ്റ്റെ ആകൃതിയുണ്ട്‌.എന്നാല്‍ നിറങ്ങള്‍ ക്രമം തെറ്റിച്ചാണ്‌ വരച്ചിരിക്കുന്നത്‌.വരച്ചുകഴിഞ്ഞ്‌ ഭംഗി നോക്കിയതിനുശേഷം അവന്‍ പടം അപ്പൂപ്പന്‌ നീട്ടുന്നു.അപ്പൂപ്പന്‍ വാങ്ങിച്ചുനോക്കി ചിരിച്ചുകൊണ്ട്‌ തലകുലുക്കുന്നു.അപ്പു സന്തോഷത്തോടെ അമ്മൂമ്മേ എന്നു വിളിച്ചുകൊണ്ട്‌ അകത്തേക്ക്‌ ഓടുന്നു.)

സീന്‍ -3ബി അകം രാത്രി
കഴിഞ്ഞ സീനിണ്റ്റെ തുടര്‍ച്ച.അമ്മൂമ്മയും അപ്പുവും അടുക്കളയില്‍.അമ്മൂമ്മയുടെ കൈയ്യില്‍ അപ്പു വരച്ച ചിത്രം.മഴവില്ലിനടിയില്‍ ഒരു പുരുഷണ്റ്റെയും സ്ത്രീയുടെയും ചിത്രവുമുണ്ട്‌.
അമ്മൂമ്മ - ഇതാരാ അപ്പൂ, മഴവില്ലിണ്റ്റെ അടിയില്‍ നിക്കുന്നത്‌?
അപ്പു- അച്ഛനും അമ്മേം(അമ്മൂമ്മ അപ്പുവിണ്റ്റെ മുഖത്തേക്ക്‌ നോക്കുന്നു.) മഴവില്ല്‌ സ്വര്‍ഗ്ഗത്തിലാണെന്ന്‌ അമ്മൂമ്മ പറഞ്ഞില്ലേ?എണ്റ്റെ അച്ഛനും അമ്മേം സ്വര്‍ഗ്ഗത്തിലല്ലേ?(അമ്മൂമ്മയുടെ മുഖം.കണ്ണുനിറഞ്ഞിരിക്കുന്നു.ഓര്‍മ്മകള്‍ അവരെ അസ്വസ്ഥയാക്കുന്നു.അപ്പു പടം തിരികെ വാങ്ങി പോകുന്നു.അമ്മൂമ്മ നിറഞ്ഞ കണ്ണുകളോടെ തുളളിച്ചാടി പോകുന്ന അപ്പുവിനെ നോക്കി നില്‍ക്കുന്നു. )

സീന്‍ - 4 അകം പകല്‍
സ്കൂളിലെ ഒരു ക്ളാസ്സ്‌റൂം.PTA മീറ്റിംഗ്‌ നടക്കുന്നു.സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷം.പ്രിന്‍സിപ്പലും മാനേജരും PTA പ്രസിഡണ്റ്റും വേദിയില്‍.സദസ്സില്‍ 25-30 രക്ഷകര്‍ത്താക്കള്‍.കൂടുതലും പുരുഷന്‍മാര്‍.
രക്ഷകര്‍ത്താവ്‌ 1 - തത്ത്വം ആര്‍ക്കും പറയാം.ഞങ്ങള്‍ക്ക്‌ വലുത്‌ ഞങ്ങളുടെ കുട്ടികളാ..എയ്ഡ്സുളള കുട്ടിയെ സ്കൂളീന്നു നീക്കാന്‍ ബുദ്ധിമുട്ടാണേല്‍ വേണ്ട.എണ്റ്റെ കുട്ടിയെ ഞാന്‍ വേറെ സ്കൂളില്‍ ചേര്‍ത്തോളാം. ഇവിടെ വേറെ സ്കൂളില്ലാഞ്ഞിട്ടല്ലല്ലോ?(അയാള്‍ ദേഷ്യത്തോടെ ഇരിക്കുന്നു)
പ്രിന്‍സിപ്പല്‍ - ദയവുചെയ്ത്‌ നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കണം.ഒരു കുട്ടിക്ക്‌ തക് കൊടുത്താല്‍ മറ്റെല്ലാവരും അതേ ആവശ്യവുമായി വരും.ഈ പളളിക്കൂടം പൂട്ടിപ്പോകും.നിയമപരമായി എയ്ഡ്സുളള കുട്ടിയെ പറഞ്ഞുവിടാനും കഴിയില്ല. പ്രത്യേകിച്ച്‌ പത്രക്കാരും ടീവീക്കാരുമൊക്ക ഇങ്ങനെ നോക്കിയിരിക്കുമ്പോള്‍.. രക്ഷകര്‍ത്താവ്‌ 2 - പിന്നെ ഞങ്ങള്‌ സഹിച്ചോളാനോ?സാറിനതുപറയാം.സാറിണ്റ്റെ കുട്ടി ഇവിടല്ലല്ലോ പഠിക്കുന്നത്‌..
PTA പ്രസിഡണ്റ്റ്‌ - (എഴുന്നേറ്റ്‌ നിന്ന്‌)ഇതിനിപ്പം ഒരു പോംവഴിയേയുളളു.(സദസ്സ്‌ നിശ്ശബ്ദമാകുന്നു.അദ്ദേഹം പ്രിന്‍സിപ്പലിനെ നോക്കുന്നു.തിരിഞ്ഞ്‌ സദസ്സിനോട്‌)എയ്ഡ്സുളള കുട്ടിയുടെ രക്ഷിതാവ്‌ സ്വന്തം ഇഷ്ടപ്രകാരം കുട്ടിയെ സ്കൂളില്‍ നിന്നു മാറ്റണം.ഏതായാലും ആ വഴിക്ക്‌ ഒന്നു ശ്രമിച്ചു നോക്കാം.അല്ലേ സാറേ?(പ്രിന്‍സിപ്പലിനെ നോക്കുന്നു.പ്രിന്‍സിപ്പലിണ്റ്റെ മുഖം. )

സീന്‍ -5 അകം പകല്‍
അപ്പുവിന്റെ ക്ളാസ്സ്‌റൂം. അപ്പു വരച്ച ചിത്രം കൂട്ടുകാര്‍ പരിശോധിക്കുന്നു.
കുട്ടി 1 - ഇങ്ങനെയല്ല മഴവില്ല്‌.ഞാന്‍ കണ്ടിട്ടുണ്ട്‌ മഴവില്ല്‌.രാത്രീലാ മഴവില്ല്‌ തെളിയുന്നത്‌.രാത്രി പന്ത്രണ്ടു മണിക്ക്‌. കുട്ടി 2 - പോടാ രാത്രീലൊന്നും മഴവില്ലില്ല.മഴ പെയ്യുമ്പളാ മഴവില്ല്‌.
കുട്ടി 3 - അച്ഛന്‍ പറഞ്ഞല്ലോ മഴവില്ലൊടിയുന്ന ശബ്ദമാ ഇടിയെന്ന്‌.അപ്പം തീ പറക്കും,അതാ മിന്നല്‌.
അപ്പു - അതൊന്നുമല്ല.സ്വര്‍ഗ്ഗത്തിലാ മഴവില്ലിരിക്കുന്നത്‌.ദേവേന്ദ്രണ്റ്റെ കൈയ്യിലാ മഴവില്ല്‌.മഴ പെയ്യുമ്പം മഴവില്ല്‌ മാനത്തുകൊണ്ടുവയ്ക്കും സ്വര്‍ഗ്ഗത്തിലെ ദേവന്‍മാര്‌.അമ്മൂമ്മ പറഞ്ഞല്ലോ സ്വര്‍ഗ്ഗത്തിലെല്ലാരും മഴവില്ലിണ്റ്റെ അടീലാ താമസിക്കുന്നതെന്ന്‌.(പടത്തിലേക്ക്‌ ചൂണ്ടിക്കൊണ്ട്‌)ഇതാരാന്നറിയാമോ?എണ്റ്റെ അച്ഛനുമമ്മേമാ.അവര്‌ സ്വര്‍ഗ്ഗത്തിലാ.മഴവില്ലിണ്റ്റെ അടീല്‌.(അപ്പുവിണ്റ്റെ മുഖം.കുട്ടികളുടെ ശബ്ദം കുറയുന്നതോടൊപ്പം ക്യാമറ വൈഡ്‌ ഷോട്ടിലേക്ക്‌ പോകുന്നു. )

സീന്‍ - 6 അകം പകല്‍
പ്രിന്‍സിപ്പാളിന്റെ ചേംബര്‍.പ്രിന്‍സിപ്പല്‍ കസേരയിലിരിക്കുന്നു.എതിരേ ഒരു കസേരയില്‍ അപ്പുവിണ്റ്റെ അപ്പൂപ്പന്‍.
പ്രിന്‍സിപ്പല്‍ - പത്തിരുപത്‌ അധ്യാപകരുടെ ചോറാണ്‌ ഈ പളളിക്കൂടം.(ഒന്നു നിര്‍ത്തി)പറയുന്നത്‌ തെറ്റാണെന്നറിയാം.പക്ഷേ,ഞാന്‍ പറഞ്ഞില്ലേ,മറ്റൊരു പോംവഴിയും ഇല്ലാഞ്ഞിട്ടാണ്‌.
അപ്പൂപ്പന്‍ - ഞാനെന്തുവേണമെന്നാ സാറുപറയുന്നത്‌?
പ്രിന്‍സിപ്പല്‍ - (അല്‍പസമയം നിശ്ശബ്ദനായിരുന്നിട്ട്‌)അപ്പു മിടുക്കനാണ്‌.അവനെ പഠിപ്പിക്കണ്ട എന്നുഞ്ഞാനൊരിക്കലും പറയില്ല.സ്കൂളിലയയ്ക്കാതെ വീട്ടിലിരുത്തി പഠിപ്പിക്കാനുളള എല്ലാ സഹായവും ഞാന്‍ ചെയ്തു തരാം.പരീക്ഷയ്ക്കു മാത്രം ഇങ്ങുകൊണ്ടുപോന്നാമതി.കുട്ടി നിങ്ങളുടെ കണ്‍വെട്ടത്തുണ്ടാകുകയും ചെയ്യും.(അപ്പൂപ്പണ്റ്റെ നിര്‍വികാരമായ മുഖം.)എന്നുമാത്രമല്ല, ഭാവിയില്‍ അപ്പൂന്‌ തിരിച്ചറിവാകുമ്പോള്‍ ഇനി മറ്റു കുട്ടികളുടെ ഭാഗത്തുനിന്ന്‌ ഒരു ഒറ്റപ്പെടുത്തലുണ്ടായാല്‍...അങ്ങനെ നോക്കുമ്പോ ഒന്നുമറിയാത്ത ഈ പ്രായത്തില്‍ത്തന്നെ...(അപ്പൂപ്പണ്റ്റെ മുഖം.അദ്ദേഹം ജനാലയിലൂടെ പുറത്തേക്ക്‌ നോക്കി ആലോചിച്ചിരിക്കുന്നു. )

സീന്‍ - 7 പുറം പകല്‍
സ്കൂള്‍ ഗ്രൌണ്ടില്‍ അപ്പുവും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുന്ന ഒരു വിദൂര ദൃശ്യം.ക്യാമറ സൂം ഇന്‍ ചെയ്ത്‌ അപ്പുവിലേക്ക്‌.

സീന്‍ - 8 പുറം പകല്‍
അപ്പുവിന്റെ വീട്ടുമുറ്റം.ആദ്യ സീനില്‍ കണ്ട റോസാപ്പൂമൊട്ട്‌ വിരിഞ്ഞിരിക്കുന്നു.അപ്പു അതിണ്റ്റെ ഭംഗി ആസ്വദിച്ച്‌ അരികില്‍ നില്‍ക്കുന്നു.അമ്മൂമ്മ പടികളിലൊന്നിലിരിക്കുന്നു.
അപ്പു - റോസാപ്പൂ ഇനീം വലുതാകുമോ അമ്മൂമ്മേ?
അമ്മൂമ്മ - ഇല്ലപ്പൂ.ഇനി പൂ വാടും.എന്നിട്ട്‌ ഇതള്‌ ഓരോന്നായിട്ട്‌ കൊഴിഞ്ഞുപോകും.
അപ്പു - അയ്യോ,എന്നാ നമുക്ക്‌ പറിച്ചുവയ്ക്കാം അമ്മുമ്മേ
അമ്മുമ്മ - പറിച്ചുവച്ചാലും വാടും മോനേ.സാരമില്ല,കുറച്ചു ദിവസം കഴിയട്ടെ.അപ്പൂ കണ്ടോ,ഇതിലും നല്ല പൂ വിരിയും. (അപ്പു കുനിഞ്ഞിരുന്ന്‌ പൂ മണക്കുന്നു. )

സീന്‍ - 9 അകം പകല്‍
അപ്പുവിന്റെ കിടപ്പുമുറി.കട്ടിലിനെതിരെയുളള ഭിത്തിയില്‍ താന്‍ വരച്ച മഴവില്ലിണ്റ്റെ ചിത്രം ഒട്ടിക്കാന്‍ ശ്രമിക്കുന്ന അപ്പു.ഒട്ടിച്ചു തീരുമ്പോഴേയ്ക്കും ഇടി വെട്ടുന്ന ശബ്ദം മുഴങ്ങുന്നു.അപ്പു തല വെട്ടിച്ച്‌ ശബ്ദം ശ്രദ്ധിക്കുന്നു.മഴ പെയ്യുന്ന ശബ്ദം തുടര്‍ന്നു കേള്‍ക്കാം.അപ്പു ഓടി വാതില്‍ക്കല്‍ വന്ന്‌ ഒരു നിമിഷം മുറ്റത്തേയ്ക്ക്‌ നോക്കി നില്‍ക്കുന്നു.ശക്തമായി മഴ പെയ്യുന്നു.അപ്പു പടിക്കെട്ടിലേക്കിറങ്ങി മാനത്തുനോക്കുന്നു.അവന്‍ മഴവില്ല്‌ കാണാന്‍ ശ്രമിക്കുകയാണ്‌.ഒന്നും കാണാന്‍ കഴിയുന്നില്ല.പതുക്കെ അവന്‍ മഴയിലേയ്ക്കിറങ്ങുന്നു.തല മുകളിലേയ്ക്കുയര്‍ത്തിപ്പിടിച്ച്‌ നാലു പാടും നോക്കുന്നു.മഴയത്തോടി നടന്ന്‌ ഇല്ലാത്ത മഴവില്ല്‌ കാണാന്‍ ശ്രമിക്കുന്ന അപ്പു.പെട്ടന്ന്‌ അപ്പൂ.. എന്ന വിളി ഉച്ചത്തില്‍ മുഴങ്ങുന്നു.വാതില്‍ക്കല്‍ അമ്മൂമ്മ.മുഖത്ത്‌ ദേഷ്യം.
അമ്മൂമ്മ - നീയെന്താ കാണിക്കുന്നത്‌?ഇങ്ങു കയറി വാ..
അപ്പു - (അമ്മൂമ്മയുടെ അടുത്തേയ്ക്ക്‌ വന്നുകൊണ്ട്‌)മഴവില്ല്‌ കാണുന്നില്ലല്ലോ അമ്മൂമ്മേ?
അമ്മൂമ്മ - (ദേഷ്യത്തോടെ അവണ്റ്റെ തല തുവര്‍ത്തിക്കൊണ്ട്‌)ഒരു മഴവില്ല്‌. തല നനഞ്ഞിനി വല്ലതും വരുത്തി വച്ചാല്‍... (അമ്മൂമ്മ കൈയ്ക്കുപിടിച്ച്‌ അവനെ അകത്തേയ്ക്കു കൊണ്ടുപോകുന്നു. )

സീന്‍ - 9A പുറം പകല്‍
കഴിഞ്ഞ സീനിണ്റ്റെ തുടര്‍ച്ച.വീടിനകത്തുനിന്ന്‌ പുറത്തുപെയ്യുന്ന മഴയുടെ ദൃശ്യം.ഒലിച്ചു പോകുന്ന മഴവെളളത്തില്‍ റോസാപ്പൂവിതളുകള്‍.

സീന്‍ - 9B പകല്‍ അകം
കഴിഞ്ഞ സീനിണ്റ്റെ തുടര്‍ച്ച.എന്തോ വായിച്ചുകൊണ്ട്‌ കസേരയിലിരിക്കുന്ന അപ്പൂപ്പന്‍.അപ്പു കരഞ്ഞുകൊണ്ട്‌ അരികിലേയ്ക്ക്‌ വരുന്നു.അപ്പൂപ്പന്‍ പുസ്തകം മാറ്റി അപ്പുവിനെ നോക്കുന്നു.
അപ്പൂപ്പന്‍ - സാരമില്ല.പോട്ടെ.മഴ നനഞ്ഞിട്ടപ്പൂന്‌ പനി വന്നാലോ?അതല്ലേ അമ്മൂമ്മ വഴക്കുപറഞ്ഞത്‌.എല്ലാ ദിവസോം മഴവില്ല്‌ കാണാന്‍ പറ്റില്ലപ്പൂ. ഇനിയൊരു ദിവസമാട്ടെ, അപ്പൂന്‌ കാണാന്‍ ആകാശത്ത്‌ തെളിയും വല്യ മുട്ടന്‍ മഴവില്ല്‌. (അപ്പൂപ്പണ്റ്റെ മുഖത്തേക്ക്‌ കൌതുകത്തോടെ നോക്കിനില്‍ക്കുന്ന അപ്പുവിണ്റ്റെ മുഖം. )

സീന്‍ - 10 പകല്‍ അകം
അപ്പുവിന്റെ കിടപ്പുമുറി.അപ്പു കട്ടിലില്‍ കഴുത്തറ്റം പുതച്ചു കിടക്കുന്നു.കണ്ണുകള്‍ പാതി അടഞ്ഞിരിക്കുന്നു.അമ്മൂമ്മയും അപ്പൂപ്പനും കട്ടിലിനിരുവശത്തുമായി ഇരിക്കുന്നു.അപ്പു അര്‍ദ്ധബോധാവസ്ഥയിലാണ്‌.എതിരേ ഭിത്തിയില്‍ അവന്‍ വരച്ച ചിത്രം.അമ്മൂമ്മ കണ്ണീരൊഴുക്കുന്നു.അപ്പു പിച്ചും പേയും പറയുന്നു.
അപ്പു - പൂ...വിടരാത്തതെന്താ?...മഴവില്ല്‌...സ്വര്‍ഗ്ഗത്തിലാ...ഞാന്‍ പാടാം...വാര്‍മഴവില്ലേ... വന്നാലും... (അപ്പു ദുര്‍ബലമായ ശബ്ദത്തില്‍ സാവധാനം പാട്ടു തുടരുന്നു.ഫ്രെയിമില്‍ കട്ടിലില്‍ കിടക്കുന്ന അപ്പുവും അമ്മൂമ്മയും അപ്പൂപ്പനും ഭിത്തിയിലെ ചിത്രവും. കട്ടിലിനുപിന്നില്‍ നിന്നുളള ഷോട്ട്‌.ക്യാമറ ചിത്രത്തിലേയ്ക്ക്‌ മെല്ലെ സൂം ഇന്‍ ചെയ്തു വരുന്നു.അപ്പുവിണ്റ്റെ പാട്ടു തീരുമ്പോള്‍ ഫ്രെയിമില്‍ ഭിത്തിയിലെ ചിത്രം മാത്രം. )

സീന്‍ - 10A പകല്‍ പുറം
ഫ്രൈമില്‍ ഒരു കുട്ടനാടന്‍ പാടശേഖരം. നിറഞ്ഞ പച്ചപ്പ്‌.പാടത്തിനു നടുവിലൂടെ അനന്തതയിലേക്കെന്നവണ്ണം നീണ്ടുകിടക്കുന്ന ഒരു ചെമ്മണ്‍പാത.തെളിഞ്ഞ നീലാകാശത്ത്‌ ഒരു വലിയ മഴവില്ല്‌.ചെമ്മണ്‍പാതയിലൂടെ മഴവില്ലിനടിയിലേയ്ക്ക്‌ നടന്നു നീങ്ങുന്ന അപ്പു.സ്ക്രീനില്‍ വെളുപ്പ്‌ പടരുന്നു.

-----------------------------------------

8 comments:

encyclopedia5 said...

script for a 20 minute tele film

Wikkanabhi said...

നന്നായിട്ടുണ്ട്ട്. അഭിനന്ദനങ്ങൾ!

encyclopedia5 said...

THIS SCRIPT HAS BEEN PICTURISED BY R. PREM

joice samuel said...

നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു..
സസ്നേഹം,
ജോയിസ്..!!

ഉണ്ണി ശ്രീദളം said...

thank u abhi for reading my script...
am happy 'mullappovu' tht u read and loved the script...

PRABHU JAYAN said...

enganeyanu thanimalayalthil kahdakal ezhuthunnathu.. onnu paranju tharumo? pls

Unknown said...
This comment has been removed by the author.
viswamanav said...

good but i want some time to write more about it